Latest Updates

സംസ്ഥാന സര്‍ക്കാരിനു കീഴിലെ കേരള നോളജ് ഇക്കോണമി മിഷന്‍ സംഘടിപ്പിച്ച തൊഴില്‍ മേളയുടെ അവസാനഘട്ടവും പൂര്‍ത്തിയായപ്പോള്‍ തൊഴില്‍ വാഗ്ദാനം ലഭിച്ചത് 10,457 പേര്‍ക്ക്. 2165 പേര്‍ക്ക് നിയമന ഉത്തരവ് ലഭിച്ചു. 14 ജില്ലകളില്‍ മൂന്നു ഘട്ടങ്ങളായി നടന്ന തൊഴില്‍ മേളയില്‍ 15,683 പേരാണ് പങ്കെടുത്തത്. ചുരുക്കപ്പട്ടികയിലെ ബാക്കി 8292 പേര്‍ക്ക് വരും ദിവസങ്ങളില്‍ നിയമനം ലഭിക്കുമെന്ന് കെ.കെ.ഇ.എം അധികൃതര്‍ അറിയിച്ചു.

182 പേര്‍ വെയിറ്റിംഗ് ലിസ്റ്റിലുമുണ്ട്. തൊഴിലവസരം നേടിയ 1596 പേര്‍ വിവിധ കാരണങ്ങളാല്‍ കരിയര്‍ ബ്രേക്ക് വന്ന വനിതകളാണ്. ഇവര്‍ക്കായി മൂന്നിടങ്ങളില്‍ പ്രത്യേക തൊഴില്‍ മേളകള്‍ സംഘടിപ്പിച്ചിരുന്നു.   ഓഫ്‌ലൈനായി നടന്ന തൊഴില്‍ മേളകളില്‍ പങ്കെടുക്കാനാകാതിരുന്നവര്‍ക്കായി വിര്‍ച്വല്‍ തൊഴില്‍ മേളയും കെ.കെ.ഇ.എം നടത്തുന്നുണ്ട്. ജനുവരി 21 ന് ആരംഭിച്ച വിര്‍ച്വല്‍ തൊഴില്‍ മേള 27 ന് അവസാനിക്കും.

ഇരുന്നൂറിലേറെ കമ്പനികള്‍ ഓണ്‍ലൈന്‍ തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ്(ഡി.ഡബ്ല്യു.എസ്)മാനേജ്‌മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും വിര്‍ച്വല്‍ തൊഴില്‍ മേളയില്‍ പങ്കെടുക്കാം. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് പുതുതായി രജിസ്റ്റര്‍ ചെയ്യാനും അവസരമുണ്ട്. knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്താണ് മേളയില്‍ പങ്കെടുക്കേണ്ടത്.  അഞ്ചുവര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്ക് തൊഴിലെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരള നോളജ് ഇക്കോണമി മിഷന്റെ ഭാഗമായാണ് മേളകളിലൂടെ തൊഴില്‍ ലഭ്യമാക്കുന്നത്.

Get Newsletter

Advertisement

PREVIOUS Choice